Close

    ആമുഖം

    പുതിയ സാങ്കേതിക വിദ്യകൾ കൈക്കൊണ്ട്, ഇന്ത്യയിലെ നീതിന്യായ നിർവഹണ മേഖലയെ സമൂലമായി പരിഷ്കരിക്കേണ്ടതിന്റെ വിപുലമായ ആവശ്യകത ഉൾക്കൊണ്ടു, കോടതികളിൽ ഐ. സി. ടി. നടപ്പിലാക്കാൻ ഒരു ദേശീയ നയവും ആക്ഷൻ പ്ലാനും രൂപീകരിക്കാനായി അന്നത്തെ സുപ്രിം കോടതി ചീഫ് ജസ്റ്റിസ്, ശ്രീ. ആർ. സി. ലാഹോത്തി ഇ-കമ്മിറ്റിയുടെ സംസ്ഥാപനത്തിനുള്ള ആശയം മുന്നോട്ടുവച്ചു. ഡിജിറ്റൽ യുഗത്തിന് ഇന്ത്യൻ നീതിന്യായസംവിധാനത്തെ സജ്ജമാക്കാനായി ഒരു ദേശീയ നയം രൂപീകരിക്കാനായും, നീതിന്യായ നിർവഹണ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുവാനായി സാങ്കേതിക വിദ്യകളും വിനിമയോപാധികളും പ്രയോഗിക്കുവാനും, കൈക്കൊള്ളുവാനും, അതുവഴി ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ വിവിധ ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കുവാൻ സഹായമേകുക എന്നതുമായിരുന്നു ഇ-കമ്മിറ്റിയുടെ കർത്തവ്യം.

    അന്നുമുതൽ ഇ-കമ്മിറ്റി രൂപീകരിച്ച ഡിജിറ്റൽ വേദികൾ വ്യവഹാരികൾ, അഭിഭാഷകർ, സർക്കാർ / നിയമപാലന ഏജൻസികൾ, സാധാരണ പൗരന്മാർ എന്നിങ്ങനെയുള്ള തത്പരകക്ഷികൾക്കു നീതിന്യായസംബന്ധിയായ വിവരങ്ങൾ തത്സമയം ലഭിക്കുന്നതിന് അവസരമൊരുക്കി. ഡിജിറ്റൽ വിവരശേഖരവും സംവേദനാത്മക വേദികളും താഴെപ്പറയുന്നവ സാധ്യമാക്കുന്നു:

    • രാജ്യത്തെ ഏതെങ്കിലും കോടതിയിൽ തീർപ്പാകാതെ നിൽക്കുന്ന ഒരു കേസിന്റെ നിലവിലത്തെ അവസ്ഥയും മറ്റു വിവരങ്ങളും കണ്ടുപിടിക്കുക.
    • രാജ്യത്ത് അങ്ങോളമിങ്ങോളം വിവിധ നീതിന്യായ സ്ഥാപനങ്ങളിൽ തീർപ്പാകാതെ കിടക്കുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുക.
    • പല വിഭാഗങ്ങളിൽപ്പെട്ട കേസുകൾ അതിവേഗത്തിൽ കൈകാര്യം ചെയ്യാനായി നിലവിലുള്ള വിവരശേഖരത്തെ പരമാവധി ഉപയോഗപ്പെടുത്തുക.
    • കോടതിയുടെ വിവര-വിഭവ ശേഖരങ്ങളുടെ കാര്യക്ഷമമായ ഉപയോഗപ്പെടുത്തൽ.
    • നീതിന്യായ സംവിധാനത്തിന്റെ കഴിവുകളും കാര്യക്ഷമതയും കണക്കാക്കി വിവരങ്ങൾ വിശകലനം ചെയ്തു അടയാളപ്പെടുത്തുക.